2024, മേയ് 6, തിങ്കളാഴ്‌ച

മറവിൽ മറവിയിൽ നിറയെ മഞ്ഞ മന്ദാരം.

സ്ഥലകാലങ്ങളിൽ സ്ഥലങ്ങളില്ല,

കാലങ്ങൾ മാത്രമേയുള്ളൂ.

ഇടങ്ങളില്ല, 

ഇടവേളകൾ മാത്രമാണുള്ളത്.

തീമഴകളുടെ അറ്റത്താണ് നീയുള്ള കാലം വരിക, 

കനൽ നിറഞ്ഞൊരു മെയ് മാസത്തിനൊടുവിൽ 

കൊഴിഞ്ഞ ഗുൽമോഹർ പൂക്കളെ തൊടുന്ന വേനൽ മഴ പോലെ.

നീയുള്ള കാലം വരും.

അത് അവരെ ഞാൻ ഒറ്റയ്ക്കായിരിക്കും,

നാശങ്ങളുടെ 

നരകങ്ങളുടെ 

ഏകാന്തതയുടെ കഴുമരണത്തിനറ്റത്ത് നീയുള്ള കാലം വരും.

ഒടുവിലൊടുവിൽ വെറുതെയെങ്കിലും നീ വരും, 

വെറുതെ വരിക തന്നെ ചെയ്യും.

അപ്പോഴേക്കും ഇനി വരില്ലെന്ന് 

നീ വരികയേയില്ലെന്ന് ഞാൻ വിശ്വസിച്ച് കഴിഞ്ഞിരിക്കും.

നീയില്ലാതെയിരുന്നപ്പോൾ 

ഒറ്റക്കായിരുന്നപ്പോൾ 

നിർമ്മിക്കാവുന്ന ശാന്തതയാണ് കവിതകളെന്നതിനാൽ

മറ്റാർക്കുമറിയാത്തൊരു നമ്മളെ നമ്മളറിയുന്നത് പോലെ,

മറ്റാർക്കുമറിയാത്ത എൻ്റെ വിചിത്രലോകം 

നിന്നെ കാത്തിരിക്കുന്നത് പോലെ,

അത്രയും 

അത്രയും നീ കാത്ത് നിന്ന പോലെ,

എത്രയോ 

എത്രയോ കാലമായി

മറന്ന് പോയവരെപ്പോലെ...

വേനൽ മണ്ണിനെ മഴ തൊടും പോലൊരു നാൾ വരും.

മഴ കുടിച്ച്

വിയർക്കുന്ന വേനൽ മണ്ണിന്റെ അടരുകളിൽ 

നിൻ്റെ കാലപ്പടം തൊടുന്ന ഓരോ നാളിലും 

ആ മണ്ണിന്റെ ഗന്ധമാകുന്നു ഞാൻ,

മണ്ണിൻ ഉയിരിനെ തൊട്ട മഴയാകുന്നു നീ.

ഒരിക്കൽ എന്നെങ്കിലും...


2024, മേയ് 5, ഞായറാഴ്‌ച

 മറ്റാർക്കും അറിയാത്തൊരു നിന്നെ 

എനിക്ക് മാത്രം അറിയാമെന്ന സ്വകാര്യമാണ് നമ്മളെ ബന്ധിപ്പിക്കുന്നത്. 

രഹസ്യങ്ങളോളം ആത്മാവുകളെ തമ്മിൽ തുന്നുന്ന മറ്റെന്തുണ്ട് കിളിയേ...

മറ്റാർക്കും കേൾക്കാനാവാത്തൊരു നിന്റെ തേങ്ങൽ, 

എവിടെ നിന്നും എനിക്ക് കേൾക്കാനാവുമെന്ന് ഞാൻ കരുതുന്നുവെങ്കിൽ, 

ഏതൊരു ഏകാന്തതയെയും ഒരു അഭാവം കൊണ്ട് നിറക്കാനാവുമെന്നതിനാൽ 

പൂർത്തിയാകുവാനുള്ളൊരു ഇടം തേടി 

അലർച്ചയിൽ നിന്നും പറന്ന പ്രാവുകൾ മടങ്ങി വരും.

ചതി


നീയെന്നെ ചതിക്കുകയായിരുന്നു എന്ന് എനിക്ക് മനസിലായില്ല.

നീയെന്നെ ചതിക്കുകയായിരുന്നു എന്ന് എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.

നീയെന്നെ ചതിക്കുകയായിരുന്നു എന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുമെന്ന് പോലും എനിക്ക് അറിയില്ലായിരുന്നു.

നീയെന്നെ ചതിക്കുകയായിരുന്നു എന്ന് നിനക്ക് അറിയില്ലായിരുന്നു എന്ന് ഞാൻ കരുതിയിരുന്നു.

നീയെന്നെ ചതിക്കുകയായിരുന്നു എന്ന് നിനക്ക് അറിയാമായിരുന്നു എന്ന് എനിക്ക് മനസിലായില്ല.

നീയെന്നെ ചതിക്കുകയായിരുന്നു എന്ന് നിനക്ക് അറിയാമായിരുന്നു എന്ന് എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.

നീയെന്നെ ചതിക്കുകയായിരുന്നു എന്ന് നിനക്ക് അറിയാമായിരുന്നു എന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുമെന്ന് എനിക്ക് അറിയില്ലായിരുന്നു.

2024, ഏപ്രിൽ 19, വെള്ളിയാഴ്‌ച

വെയിലിൽ പാറി പോയൊരു ഉടലൊഴിഞ്ഞ ഇടം പോലെ, പുലരിയുടെ ഇരുട്ടിലും, പാട്ടിൻ്റെ അറ്റത്തും, വിരലുകൾക്ക് അപ്രാപ്യമായൊരിടത്തും, അപ്രതീക്ഷിതമായ റിങ് ടോണിലും, പ്രതീക്ഷിക്കുന്ന ആ വളവിന് അപ്പുറത്തും, വൈകുന്നേരങ്ങളിലും, എന്തിനെന്തിന് ഓരോ ചുവിളിവുകളിലും അത്രമേൽ സൂക്ഷ്മമായി കാത്ത് നിൽക്കുന്ന ഒന്നാണ് എന്ന് നിങ്ങൾ പോലും കരുതുന്ന ഒന്നില്ലേ, അതാണ് ജീവിതത്തിൽ ഇല്ലാതായത്...

2024, മാർച്ച് 27, ബുധനാഴ്‌ച

ശ്വാസങ്ങളിൽ കടന്ന ഓരോ നഗരവും,
തെരുവും, 
മുറികളും 
മരുഭൂമികളും, 
 ആകാശവും 
കടലുകളും ഉണർന്നിരിക്കുന്നു.
വീട്, 
തോടൊഴിഞ്ഞ് പോയൊരു ജീവിയുടെ ഓർമ്മ.
തോന്നലുകളുടെ മാത്രം തണലുള്ള നിഴൽ.
പുറത്താക്കപ്പെട്ടൊരു വീട് 
നിങ്ങളെ അപരിചിതൻ്റെ കാൽവെപ്പുകളെ പഠിപ്പിക്കുന്നു.
ഉപേക്ഷിക്കപ്പെട്ടവരുടെ ലോകം തരുന്നു.
ഭാഷ നിങ്ങളുടെ കൂടെ എവിടെ വേണമെങ്കിലും വരും, 
ആ ഭാഷയിൽ നിങ്ങൾക്ക് കൊണ്ട് പോകാവുന്നത്രയും മാത്രമേ നിങ്ങൾക്ക് സ്വന്തമായുള്ളു.
പതിയെ
ലോകം നിങ്ങളുടെ വീടിനെ പുറത്താക്കുന്നു.
ഏറ്റവും നിശബ്ദമായ ഒരു നീലത്തിംഗലം പോലെ 
നിങ്ങളുടെ ഭാഷയിലെ ഇടങ്ങളിൽ നിറയുന്നു.
ഉപേക്ഷിച്ചു പോയൊരു വളർത്തുമൃഗം പോലെ വീട് നിങ്ങളെ, 
അതിൻ്റെ ഓർമയിൽ സൂക്ഷിക്കുന്നില്ല. നിങ്ങളുടെ ഓർമയിൽ അതിനിടമില്ലാതായ പോലെ, 
അതിൻ്റെ ഓർമയിൽ നിങ്ങളില്ലാതെ ആകുന്നു.
പുറപ്പെട്ടു പോകുവാൻ തീരുമാനിച്ചവനെ വീട് നേരത്തെ പുറത്താക്കുന്നു. നിങ്ങളുടെ നീക്കങ്ങൾ അത് നേരത്തേ മനസ്സിലാക്കുന്നു.
തിരിച്ചെത്തുമ്പോൾ 
ഞരമ്പിൻ്റെ ഒരറ്റം തുറന്ന് നഗരങ്ങളെ 
തെരുവുകളെ
മുറികളെ
മരുഭൂമികളെ 
കടലുകളെ
ആകാശങ്ങളെ
ഒഴുകി കളയണം എന്ന് നിങ്ങളുടെ വീടിന് തോന്നും.
പോയൊരിടം തിരികെ വേണം എന്നും.
അങ്ങനെ പോയ്പ്പോയതൊന്നും തിരികെ വരികയില്ലെന്ന് അതിനറിയില്ലായിരിക്കും.
അതിനുള്ളിൽ നിങ്ങൾക്ക് വർഷങ്ങൾക്ക് പുറകിലുള്ള അതേ വീർപ്പുമുട്ടൽ തുടങ്ങും.
ചോരയിൽ നഗരങ്ങൾ ഉള്ളവരെ എനിക്ക് അറിയാം.
വീടില്ലാത്തൊരു നൊമ്പരത്തിൻ്റെ ശേഷിപ്പിനെ നിങ്ങൾ കണ്ടിട്ടുള്ളത് പോലെയല്ല അത്.
കാടിന് നടുവിൽ,
പുഴയുടെ അരികിൽ
മിന്നലുകൾക്കും
മഴയ്ക്കും
ഉരുൾപൊട്ടലുകൾക്കും കീഴെ 
ഒരു ഗുഹാമനുഷ്യൻ്റെ ഭീതിയെ എനിക്കറിയാം.
മറ്റൊരാളിൽ നിങ്ങളുടെ ഭയപ്പാടുകളിൽ നിന്നും ചെന്നൊളിക്കുന്നതും അറിയാം.
മനുഷ്യർ മറ്റുള്ളവരെ ഉപയോഗിക്കുന്നത് എന്തിനെന്ന് എനിക്കറിയാം.
വീട്,
ഒരിടം
ഒരാൾ
ഒരോർമ്മ
ഒരു ഉയിത്തെഴുന്നേൽപ്പ്
ഒരു ഒളിച്ചോട്ടം.
ഒരു ചില്ല
ഒരു ലോകം
ഒരു മൂകത തുടങ്ങി
നിങ്ങളതിനെ ഉപയോഗിക്കുന്ന വിധത്തിൽ,
ഉപേക്ഷിച്ചു പോയൊരു പ്രണയിനിയെ കുറിച്ച് എഴുതിയ പോലെ,
“സൂക്ഷിക്കുന്ന പാത്രത്തിൻ്റെ ഉള്ളളവുകൾ പോലെ ജലം പോലൊരു മാധ്യമം”.
ലോകത്തെ കുറിച്ച് നിങ്ങൾക്കോ നിങ്ങളുടെ വീടിനോ ഒന്നുമറിയില്ല.
വീട് നിങ്ങളുടെ 
ഒരു രോഗം, 
ബലഹീനത 
ഭയം, 
സുനിശ്ചിതമായ ഒന്നിന് വേണ്ടിയുള്ള തേടൽ.
മറ്റൊരാളെ മാന്തിപ്പറിക്കുന്ന 
നിങ്ങൾക്ക് സഹിക്കാനാവാത്ത നിങ്ങളുടെ ഏകാന്തത.
മടങ്ങി വരവുകളിൽ അതിയായ ആശ്വാസം ഉള്ളവരാണ് നിങ്ങൾ.
നിങ്ങളുടെ യാത്രകൾ മടങ്ങി വരവുകൾക്ക് ഉള്ളതാണ്.
പോകുന്നതിനെ കുറിച്ച് നിങ്ങൾക്ക് അറിയില്ല, 
നിങ്ങളെ കുറിച്ച് പോലും.
വീട് പോലൊരു വലിയ രഹസ്യം പേറുന്ന നിങ്ങളെ അത് പുറംതള്ളുന്ന ഒരു ദിനം.
ഈ ലോകം നിങ്ങളെ സ്വീകരിക്കാത്ത ഒരു ദിവസം.
മടങ്ങി വരവുകൾക്കുള്ള നിങ്ങളുടെ വാഞ്ചയെ ഒറ്റിക്കൊടുക്കപ്പെടുന്ന നാൾ.
ഒരു പുഴയുടെ ഘനത്തെ
കടലുകളുടെ ദൂരത്തെ
മണൽക്കുന്നുകളിലെ 
മരുഭൂമിയിലെ തണുത്ത രാത്രികളെ
അടഞ്ഞ ഒറ്റ മുറികളെ 
നിങ്ങൾ കാണും. 
നിങ്ങൾ നിലവിളിക്കും, 
ഒട്ടും തന്നെ ഒച്ചയുണ്ടാക്കാതെ, തണുത്ത്…

2024, മാർച്ച് 20, ബുധനാഴ്‌ച

നാലാം ക്ലാസ്സിൽ കിട്ടിയ കളർ ചോക്ക് അവൾക്ക് കൊടുത്ത് കൊണ്ട് തുടങ്ങിയതാണ്. 
നമ്മളങ്ങനെ ഒന്നും നമുക്ക് വേണ്ടി എടുത്ത് വെച്ചിട്ടൊന്നുമില്ല. മയിൽപീലികളോ, 
ആലിലയോ, 
വളപ്പൊട്ടുകളോ, 
കീറിപ്പോയ പട്ടങ്ങളോ, 
പൊട്ടിപ്പോയൊരു അക്വറിയമോ, അങ്ങനെ 
എന്തെങ്കിലും 
എന്തെങ്കിലും എടുത്ത് വെച്ചിരുന്നെങ്കിൽ എന്ന് തോന്നിപ്പോകാറില്ല. 
അങ്ങനെ ഒന്നുമില്ലായ്മകളുടെ തൂവലുകൾ നിറഞ്ഞ പുൽമേടാകുന്നു. ആരുടെ തോന്നലുകളാണീ കൊഴിഞ്ഞ് പോകുന്നത്...? 
വേണമെങ്കിലെന്തേ... എന്ന ചോദ്യവുമായി വരുന്ന 
വഴിപോക്കരെ നേരിടാൻ എനിക്കുണ്ടെൻ്റെ മാത്രം വളർത്തുമൃഗങ്ങൾ.

2024, മാർച്ച് 14, വ്യാഴാഴ്‌ച

നീ പോയ നാൾ ഇരുട്ട് ഉണ്ടായി.
തോരാതെ മഴ പെയ്തു.
എന്നെ മാത്രം ഒരു മരക്കപ്പലിൽ വെള്ളപ്പൊക്കം എടുത്ത് കൊണ്ട് പോയി.
ഒരു പർവ്വതത്തിലും ഉറക്കാത്തതിനാൽ ഞാൻ മരുഭൂമിയിൽ ഇറങ്ങിപ്പോയി.
നിന്നെ കണ്ടെത്തുവാൻ ഞാനെൻ്റെ പ്രാവുകളെ തുറന്ന് വിടാറുണ്ട്.
പോയവയൊന്നും തിരികെ വരാറില്ല.
ആകാശവും ഭൂമിയും നിർമിച്ച ദൈവം വെളിച്ചമുണ്ടാകട്ടെ എന്ന് ഇനിയും പറഞ്ഞിട്ടില്ല.
നമ്മൾ അതിനും എത്രയോ മുൻപേ മുറിഞ്ഞുപോയവരാണ്.
നീ പോയ ശേഷം എൻ്റെ ഭൂമിയിൽ വെളിച്ചമുണ്ടായിട്ടില്ല.

മറവിൽ മറവിയിൽ നിറയെ മഞ്ഞ മന്ദാരം.

സ്ഥലകാലങ്ങളിൽ സ്ഥലങ്ങളില്ല, കാലങ്ങൾ മാത്രമേയുള്ളൂ. ഇടങ്ങളില്ല,  ഇടവേളകൾ മാത്രമാണുള്ളത്. തീമഴകളുടെ അറ്റത്താണ് നീയുള്ള കാലം വരിക,  കനൽ നിറഞ്ഞൊ...